Accessibility
Contrast
Increase Font
Decrease Font
ANNOUNCEMENTS EXAM PRESS TENDERS CAREERS RTI K-REAP WhatsApp Channel

സർവ്വകലാശാല വിദ്യാഭ്യാസം നൈപുണ്യത്തിലേക്കും തൊഴിലിലേക്കും നയിക്കുന്ന നിലയിൽ പരിവർത്തനം ചെയ്യും: മന്ത

Date: 04-10-2024

കണ്ണൂർ സർവകലാശാലയിൽ അസാപ് കേരളയുമായി ചേർന്ന് സെന്റർ ഫോർ സ്‌കിൽ ഡെവലപ്മെന്റ് കോഴ്‌സസ് ആൻഡ് കരിയർ പ്ലാനിംഗ് (CSDCCP) ന് തുടക്കമായി.

നാലുവർഷ ബിരുദം വഴി സർവ്വകലാശാല വിദ്യാഭ്യാസം നൈപുണ്യ വികസനത്തിലേക്കും   അതുവഴി തൊഴിലിലേക്കും  നയിക്കുന്ന നിലയിൽ പരിവർത്തനം ചെയ്യുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പഠനത്തോടൊപ്പം തന്നെ അധിക നൈപുണ്യം ആർജ്ജിക്കേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തി വിദ്യാർത്ഥികളെ തൊഴിൽ സജ്ജരാക്കും. അതിനായി ഉന്നതവിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ മാറ്റങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. കണ്ണൂർ സർവ്വകലാശാലയും അസാപ് കേരളയും സംയുക്തമായി ആരംഭിച്ച സെന്റർ ഫോർ സ്‌കിൽ ഡെവലപ്മെന്റ് കോഴ്‌സസ് ആൻഡ് കരിയർ പ്ലാനിംഗ് (CSDCCP) ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഈ കേന്ദ്രങ്ങൾ വഴി ബിരുദ പഠനത്തോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് അവരവരുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള സ്‌കിൽ ഡെവലപ്മെന്റ് കോഴ്‌സുകൾ തെരഞ്ഞെടുത്ത് പരിശീലനം നേടാനും അതുവഴി വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഏതെങ്കിലും തൊഴിൽ മേഖലയിൽ  നൈപുണി  വികസനം ഉറപ്പുവരുത്താനും സാധിക്കും. പഠന സമയത്ത് തന്നെ തന്റെ  കരിയർ എങ്ങനെ പ്ലാൻ ചെയ്യണം എന്നതിൽ വിദ്യാർത്ഥികളെ സഹായിക്കാനും ഈ കേന്ദ്രങ്ങൾ സഹായകമാകും. ഇതിൽ അധ്യാപക സമൂഹത്തിനും വലിയ സംഭാവനകൾ ചെയ്യാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് നൈപുണി പരിശീലനം വഴി  ആർജ്ജിച്ച കഴിവുകൾ  ഉപയോഗിച്ച് മികച്ച തൊഴിലവസരങ്ങൾ നേടാനുള്ള അവസരമൊരുങ്ങും. സർവകലാശാലയുടെയും കോളേജുകളുടെയും  പ്ലെയ്സ്മെന്റ് സെല്ലും, അസാപ് കേരളയുടെ പ്ലെയ്സ്മെന്റ് സഹായവും ഇതിനായി ഉപയോഗിക്കും. 

നിലവിലുള്ള അധ്യാപക-ക്ലാസ്‌റൂം  കേന്ദ്രീകൃത പഠന രീതിയെ തൊഴിൽ മേഖലയ്ക്ക് ആവശ്യമായ നൈപുണ്യം നേടുവാൻ തക്ക രീതിയിൽ പരിഷ്കരിക്കുകയും  അവ വിദ്യാർത്ഥിയുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ളതാക്കുക എന്നതുമാണ്  ഇതിലൂടെ ലക്‌ഷ്യമിടുന്നത്. ഇതിനായി കലാലയങ്ങളും വ്യവസായങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പാക്കുകയും, തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ പരിശീലന പദ്ധതികൾ ആവിഷ്കരിക്കുകയും, വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്, പ്ലെയ്സ്മെന്റ് എന്നിവ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.  

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതിന്  പര്യാപ്തമാക്കുന്നതിനായി  കോളേജുകളിൽ സെന്റർ ഫോർ  സ്‌കിൽ ഡെവലപ്മെന്റ് കോഴ്‌സസ് ആൻഡ് കരിയർ പ്ലാനിംഗ്   സ്ഥാപിക്കുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കുകയും ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പ്രൊഫഷണൽ ഏജൻസിയായി അസാപ് കേരളയെ ചുമതലപ്പെടുത്തുകയും ചെയ്തു. നൈപുണ്യ പരിശീലന മേഖലയിൽ ഒരു പതിറ്റാണ്ടിലേറെ പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് അസാപ്. നിരവധി നൈപുണ്യ പരിശീലന കോഴ്‌സുകളും, കേരളത്തിലുടനീളമുള്ള 16 കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളും, AR/VR ഇലക്ട്രിക് വെഹിക്കിൾ, ഡ്രോൺ ടെക്‌നോളജി, ബാങ്കിംഗ് ആൻഡ് ഫിനാൻസ്  തുടങ്ങിയ ആധുനിക തൊഴിൽ മേഖലകളിലെ മികവിന്റെ കേന്ദ്രങ്ങളും അസാപിനുണ്ട്.  ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെയും, നീതി ആയോഗിന്റെയും ഫിക്കിയുടെയും പുരസ്കാരങ്ങൾ നേടിയിട്ടുള്ള അസാപ്, ഇന്ത്യ സ്‌കിൽസ് റിപ്പോർട്ടിൽ കേരളത്തിലെ നൈപുണ്യ വികസന രംഗത്ത് നൽകിയ  സംഭാവനകൾക്ക് പ്രത്യേക പരാമർശം നേടുകയുണ്ടായി. കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് (NCVET) ന്റെ അസസ്മെന്റ് ഏജൻസി ആൻഡ് അവാർഡിംഗ് ബോഡി എന്ന ഇരട്ട  അംഗീകാരം നേടിയ അസാപിന്റെ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.  

കണ്ണൂർ സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. സാജു അധ്യക്ഷനായി.   അസാപ് കേരള സി.എം.ഡി ഡോ ഉഷ ടൈറ്റസ് മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ ജോബി കെ ജോസ്, സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്പെഷ്യൽ ഓഫീസർ ഡോ. സുധീന്ദ്രൻ, അസാപ് കേരള ട്രെയിനിംഗ് ഹെഡ് സജി ടി, കണ്ണൂർ സർവ്വകലാശാല  IQAC ഡയറക്ടർ അനൂപ് കുമാർ കേശവൻ  എന്നിവർ സംസാരിച്ചു. സെന്റർ ഫോർ സ്‌കിൽ ഡെവലപ്മെന്റ് കോഴ്‌സസ് ആൻഡ് കരിയർ പ്ലാനിംഗ് സംബന്ധിച്ച ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അസാപ് കേരളയും കണ്ണൂർ സർവ്വകലാശാലയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം ചടങ്ങിൽ വെച്ച് കൈമാറി. കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിൽ സെന്ററുകൾ ആരംഭിച്ച അഫിലിയേറ്റഡ് കോളേജുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.


Gallery