Date: 2nd Aug 2024
ഇതുവരെ കൈമാറിയത് 10 ലക്ഷത്തോളം രൂപയുടെ ആവശ്യവസ്തുക്കൾ .
വയനാട് മുണ്ടക്കൈയിലെ ദുരന്ത ബാധിതർക്ക് ആശ്വാസമായി കണ്ണൂർ സർവകലാശാലാ എൻ എസ് എസിന്റെ സഹായം. കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ 101 എൻ എസ് എസ് യൂണിറ്റുകളാണ് ആദ്യഘട്ടമെന്ന നിലയിൽ 10 ലക്ഷത്തോളം രൂപ സമാഹരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ, സ്റ്റേഷനറി വസ്തുക്കൾ, ബെഡ് ഷീറ്റുകൾ, കുടിവെള്ളം, ഭക്ഷണം, സാനിറ്ററി പാഡുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്തത്. കണ്ണൂർ ജില്ലയിലെ കോളേജുകളിൽ നിന്നുള്ള സാധനങ്ങൾ കണ്ണൂർ സർവകലാശാലാ ആസ്ഥാനത്തെ സ്റ്റുഡന്റ് അമിനിറ്റി സെന്ററിൽ ശേഖരിക്കുകയും ശേഖരിച്ച വസ്തുക്കൾ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് കൈമാറുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അവശ്യസാധനങ്ങൾ ഏറ്റുവാങ്ങുകയും വയനാട്ടിൽ എത്തിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിലെ കോളേജുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ കണ്ണൂർ സർവകലാശാല എൻ എസ് എസ് ജില്ലാ കൺവീനറുടെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ ശേഖരിക്കുകയും വയനാട് ജില്ലയിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾ വയനാട് ജില്ലാ കൺവീനറുടെ നേതൃത്വത്തിൽ നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള വയനാട് ജില്ലയിലെ മുഴുവൻ എൻ എസ് എസ് വളണ്ടീയർമാരും പ്രോഗ്രാം ഓഫീസർമാരും ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി സന്നദ്ധസേവനം നടത്തി വരുന്നുണ്ട്.
കണ്ണൂർ സർവകലാശാലാ എൻ എസ് എസ് കോഡിനേറ്റർ ഡോ. ടി പി നഫീസ ബേബി, ജില്ലാ കൺവീനർമാരായ വി ഷിജിത്ത്, വി വിജയകുമാർ, ഗണേഷ് കുമാർ എന്നിവരാണ് വിഭവ സമാഹരണത്തിനും മറ്റ് റിലീഫ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്. ആവശ്യം വരുന്ന മുറയ്ക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ എൻ എസ് എസ് സജ്ജമാണെന്ന് ഡോ. ടി പി നഫീസ ബേബി അറിയിച്ചു.