Date: 23-08-2024
കൈമാറിയത് പത്ത് സ്നേഹവീടുകൾ.
കണ്ണൂർ സർവകലാശാലാ എൻ എസ് എസ് സെൽ കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി നിർമിച്ച് നൽകുന്ന വീടുകളുടെ താക്കോൽദാനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. കേരള രജിസ്‌ട്രേഷൻ, പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. കണ്ണൂർ സർവകലാശാലാ എൻ എസ് എസ് സെൽ ആരംഭിച്ച " ഒരുവർഷം; 100 സ്നേഹവീടുകൾ" പദ്ധതിയുടെ ഭാഗമായി നിർമിച്ച പത്ത് സ്നേഹവീടുകളുടെ താക്കോൽദാനമാണ് ഡോ. ആർ ബിന്ദു നിർവഹിച്ചത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് (തലശ്ശേരി), കോൺകോർഡ് ആർട്സ് & സയൻസ് കോളേജ് (മുട്ടന്നൂർ), ചിന്മയ ആർട്സ് & സയൻസ് കോളേജ് ഫോർ വുമൺ (ചാല, കണ്ണൂർ) ഡി പോൾ ആർട്സ് & സയൻസ് കോളേജ് (എടത്തൊട്ടി, കണ്ണൂർ, മലബാർ ഇസ്ലാമിക് കോംപ്ലക്സ് ആർട്സ് & സയൻസ് കോളേജ് (മാഹിനാബാദ്, കാസറഗോഡ്), നിർമ്മലഗിരി കോളേജ് (കുത്തുപറമ്പ), പഴശ്ശിരാജ എൻ എസ് എസ് കോളേജ് (മട്ടന്നൂർ), പീപ്പിൾസ് കോ -ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് (മുന്നാട്, കാസറഗോഡ്), സനാതന ആർട്സ് & സയൻസ് കോളേജ് (കോട്ടപ്പാറ ,കാസറഗോഡ്), ഡബ്ള്യൂ എം ഓ ഇമാം ഗസാലി ആർട്സ് & സയൻസ് കോളേജ് (പനമരം, വയനാട്) എന്നീ കോളേജുകൾ പൂർത്തിയാക്കിയ പത്ത്സ്നേഹവീടുകളാണ് കൈമാറിയത്. സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് സ്വാഗതം പറഞ്ഞു. വൈസ് ചാൻസലർ പ്രൊഫ. കെ കെ സാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളായി. സിന്റിക്കേറ്റംഗങ്ങളായ ഡോ. എ അശോകൻ, വൈഷ്ണവ് മഹേന്ദ്രൻ, സെനറ്റംഗം പിജെ സാജു, കണ്ണൂർ സർവകലാശാലാ എൻ എസ് എസ് സെൽ കോഡിനേറ്റർ ഡോ. ടി പി നഫീസ ബേബി, സ്റ്റേറ്റ് ഓഫീസർ ഡോ. ആർ എൻ അൻസർ, സർവകലാശാലാ യൂണിയൻ ചെയർപേഴ്‌സൺ ആര്യ രാജീവൻ, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രതിനിധികളായ ഡോ. എ പി സൂസമ്മ, സി ജെ മനോജ് എന്നിവർ സംസാരിച്ചു. വിവിധ കോളേജുകളിലെ പ്രിൻസിപ്പാൾമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ, വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.